ഇരിട്ടി: വേനൽച്ചൂട് കൂടിയതോടെ വാഴത്തോട്ടങ്ങൾ കരിഞ്ഞ് നശിക്കുന്നു. വെള്ളം ഒഴിച്ചു വളർത്തുന്ന വാഴകൾ വരെ കനത്ത വെയിലിൽ വാടി നശിക്കുകയാണ്. വാടി തുടങ്ങിയ വാഴകൾക്ക് എത്ര വെള്ളം ഒഴിച്ചാലും നശിക്കുകയാണെന്ന് കർഷകർ പറയുന്നു. ആറളം ഫാമിൽ ആയിരക്കണക്കിന് നേന്ത്രവാഴകളാണ് ഇത്തരത്തിൽ നശിക്കുന്നത്. വാടി നശിക്കുന്ന വാഴകളുടെ കുലകൾ വിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പടിയൂർ കൃഷി ഭവന്റെ കീഴിൽ കതിർ കൃഷിക്കുട്ടത്തിന്റെ 2000ത്തോളം വാഴകളിൽ 1500 ഓളം വാഴകളും ഇത്തരത്തിൽ ഉണങ്ങി നശിച്ചു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ശാസ്ത്രീയമായി കൃഷി ചെയ്ത വാഴകളാണ് വേനൽച്ചൂട് ചതിച്ചത്. അവശേഷിക്കുന്നവ ഇലകൾ പഴുത്തും തട ഉണങ്ങിയും ഏതുനിമിഷവും നിലത്തു വീഴാവുന്ന നിലയിലാണ്. കുലച്ച വാഴകൾ മുപ്പെത്താതെ പകുതി പഴുത്ത് ഉണങ്ങി വീഴുകയാണ്. വേനൽ മഴ ലഭിച്ചാലും വാഴയുടെ യഥാർഥ വിളവ് ലഭിക്കില്ലെന്നാണ് കർഷകർ പറയുന്നത്.
കൃഷിക്കൂട്ടങ്ങളും കർഷകരും ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയും മറ്റ് കടങ്ങളും എടുത്തായിരുന്നു കൃഷിയാരംഭിച്ചത്. വാഴ കർഷകർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം വായ്പാ തിരിച്ചടവ് മുടങ്ങുകയും അടുത്ത സീസൺ കൃഷിയിറക്കാനാവാത്ത അവസ്ഥയും നേരിടുമെന്നാണ് കർഷകർ പറയുന്നത്.